Popular Post

Sunday 1 June 2014

ക്യാമറാമാന്‍ വേണു വീണ്ടും സംവിധായകനാകുന്നു സ്വ. ലേ.


പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്യാമറാമാന്‍ വേണു വീണ്ടും സംവിധായകന്റെ തൊപ്പിയണിയുന്നു. 1998 ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മഞ്ജുവാര്യര്‍ നായികയായി പുറത്തിറങ്ങിയ ദയ എന്ന സിനിമയ്ക്കു ശേഷം ഇപ്പോളാണ് വേണു വീണ്ടും സംവിധായകനായെത്തുന്നത്. മമ്മൂട്ടി നായകനായി തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മുന്നറിയിപ്പ് എന്ന സിനിമയുമായാണ് വേണു തിരിച്ചെത്തുന്നത്.
എന്തേ ഇത്രയും നീണ്ട ഇടേെവളയെന്ന ചോദ്യത്തിനു മുന്നില്‍ സ്വതസിദ്ധമായ ചിരിയുമായി വേണു നില്‍ക്കുന്നു. എല്ലാം ഒത്തുവരണമെല്ലോ? അങ്ങിനെ എല്ലാം ഒത്തുവന്നപ്പോള്‍ വേണു തന്റെ രണ്ടാമത്തെ സംവിധായക സംരഭത്തിന്റെ ചിത്രീകരണം കോഴിക്കോട്ടാക്കി.
കഴിഞ്ഞ രണ്ട് ആഴ്ച്ചയായി കോഴിക്കോട്ട് മുന്നറിയിപ്പിന്റെ ചിത്രീകരണം പുരോഗമിക്കയാണ്. ഈ സിനിമയുടെ കഥയും വേണുവിന്റെതാണ്. ക്യാമറ കൈകാര്യം ചെയ്യുന്നതും വേണു തന്നെ. വേണുവിന്റെ ഭാര്യയും പ്രശസ്ത എഡിറ്ററുമായ ബീനാ പോളാണ് ഈ സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട രാഘവന്‍ എന്ന കഥാപാത്രത്തിന്റെ കഥയെഴുതാന്‍ എത്തുന്ന അജ്ഞലി എന്ന ജേര്‍ണലിസ്റ്റുമായുള്ള ബന്ധത്തിന്റെ കഥയാണ് മുന്നറിയിപ്പ് പറയുന്നത്. അപര്‍ണ ഗോപിനാഥാണ് അജ്ഞലിയെ അവതരിപ്പിക്കുന്നത്. ഇതൊരിക്കലുമൊരു ബുദ്ധിജീവി സിനിമയല്ലെന്നും ഹ്യൂമറിനു പ്രാധാന്യം നല്‍കി എല്ലാവിഭാഗം പ്രേക്ഷകരുമായി സംവേദിക്കുന്ന സിനിമയായിരിക്കുമിതെന്നും സംവിധായകനായ വേണു ഉറപ്പു നല്‍കുന്നു.
ചാപ്പാകുരിശ്, ബിഗ് ബി, ബാ്ച്ചിലര്‍ പാര്‍ട്ടി എന്നീ സിനിമകള്‍്ക്ക് തിരക്കഥയെഴുതിയ ആര്‍. ഉണ്ണിയാണ് മുന്നറിയിപ്പിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തന്റെ മുന്‍കാല സിനിമകളില്‍ നിന്നു വ്യത്യസ്തമായി സംഭാഷണ പ്രധാനമാണ് ഈ സിനിമയെന്ന് ആര്‍. ഉണ്ണി പറയുന്നു.
മമ്മൂട്ടിയ്ക്കും അപര്‍ണ ഗോപിനാഥിനും പുറമെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കര്‍, നെടുമുടി വേണു, പി. ബാലചന്ദ്രന്‍, കോട്ടയം നസീര്‍, മു്ത്തുമണി, പാര്‍വ്വതി എന്നിവരും ശ്രദ്ദേയമായ വേഷങ്ങളിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജ്യോതിഷാണ് കലാ സംവിധായകന്‍.

No comments:

Post a Comment