Popular Post

Sunday 1 June 2014

പെണ്‍കുട്ടികള്‍ നാടുവിട്ടത് വീട്ടുകാരെ പാഠം പഠിപ്പിക്കാന്‍; തിരിച്ച് വീട്ടിലേക്കില്ല


കൊച്ചി: കാണാതായ നാല് പെണ്‍കുട്ടികളെ കൊച്ചി പോലീസിന് കൈമാറില്ലെന്ന് കര്‍ണ്ണാടകയിലെ ധര്‍വാഡിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. തിരിച്ച് വീട്ടിലേക്ക് വരാന്‍ താത്പര്യമില്ലെന്ന് കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ നിലപാട് സ്വീകരിച്ചത്. കൊച്ചിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കീഴിലാണ് ഇപ്പോള്‍ കുട്ടികളുള്ളത്.
തങ്ങളുടെ വീട്ടിലെ അന്തരീക്ഷത്തിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് എഴുതി നല്‍കി. പിതാക്കന്മാരുടെ മദ്യപാനവും വീടുകളില്‍ സ്ഥിരമായുണ്ടാകുന്ന വഴക്കും മൂലമാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. വീട്ടുകാരെ ഒരു പാഠം പഠിപ്പിക്കാനാണ് തങ്ങള്‍ വീടുവിട്ടതെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. കുട്ടികള്‍ ഈ നിലപാട് സ്വീകരിച്ചതോടെയാണ് കുട്ടികളെ പോലീസിന് കൈമാറേണ്ടതില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി തീരുമാനിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനികളായ സഹപാഠികളെ മെയ് 28നാണ് കാണാതായത്. ഇവരുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കര്‍ണ്ണാടകയിലെ ഹൂബ്ലിയില്‍ നിന്ന് കണ്ടെത്തിയത്. എറണാകുളത്തുനിന്നം ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ കയറിയാണ് ഇവര്‍ ഹൂബ്ലിയിലെത്തിയത്.
ഗോവയിലേക്ക് പോകാനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്. ഗോവയിലെത്തിയ ശേഷം ജോലി തേടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ കയ്യിലെ പണം തീര്‍ന്നു തുടങ്ങിയപ്പോള്‍ ഗോവയില്‍ എത്തുമോ എന്ന് ഉറപ്പില്ലാതായി. റെയില്‍വേ പോലീസിന്റെ പിടിയിലാകുമ്പോള്‍ ഇവരുടെ കയ്യില്‍ 3000 രൂപ ഉണ്ടായിരുന്നു.
സൂക്ഷിച്ചുവെച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും ഉപയോഗിച്ചാണ് ഇവര്‍ യാത്രക്കുള്ളപണം കണ്ടെത്തിയത്. സ്വര്‍ണ്ണാഭരണം ഒരു പെണ്‍കുട്ടി ബന്ധുവിന് നല്‍കി പണയം വെച്ച് പൈസ വാങ്ങുകയായിരുന്നു. 12000 രൂപക്കാണ് പണയം വെച്ചതെങ്കിലും ബന്ധുവായ യുവാവ് 8000 രൂപ മാത്രമാണ് നല്‍കിയത്. കര്‍ണ്ണാടക പോലീസിനൊപ്പമായിരിക്കും കുട്ടികളെ കൊച്ചിയിലെത്തിക്കുക.

No comments:

Post a Comment