Popular Post

Sunday 1 June 2014

വിലക്കുകള്‍ മറികടന്ന്‌ ‘ടി.പി.51′ വരുന്നു എഡിറ്റര്‍

- അയാത എസ്‌ -
കേരളത്തില്‍ ഒരു പാട്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതിനുമുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. അതില്‍ ഇരകളായവരില്‍ ഏറ്റവും കൂടുതല്‍ സിപിഎമ്മുകാരാണെന്നതും വസ്‌തുത. എങ്കിലും 2012 മേയ്‌ നാലിന്‌ രാത്രി ഒഞ്ചിയത്ത്‌ ടി.പി.ചന്ദ്രശേഖരന്‍ കോല്ലപ്പെട്ടത്‌ അക്കാലമത്രയുമുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം തിരുത്തിയെഴുതുന്നതായിരുന്നു.
ടി.പിയുടെ ശരീരത്തിലേറ്റ 51വെട്ടിന്റെ പേരില്‍ കേരളം രാഷ്ട്രീയത്തിനപ്പുറത്ത്‌ ഇളകിമറിഞ്ഞു. കേസില്‍ മാറാട്‌ പ്രത്യേക കോടതി 11പേരെ ശിക്ഷിച്ചിട്ടും ഇപ്പഴും ടി.പി.തന്നെ രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഇവിടെയാണ്‌ നടുക്കുന്ന ഓര്‍മകളായി ടി.പിയുടെ ചലച്ചിത്ര ഭാഷ്യം ഒരുങ്ങുന്നത്‌.
ടി.പി സിനിമയാകുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ നാനാദിക്കില്‍ നിന്നും അത്തരമൊരു സിനിമയുടെ അണിയറപ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള നീക്കം നടന്നിരുന്നു. സംവിധായകനായ മൊയ്‌തു താഴത്തിനു നേരെ വധ ഭീഷണി വരെയുണ്ടായി. ടി.പിയായി വേഷമിടാനായി സമീപിച്ച വിജയരാഘവനടക്കമുള്ള നടന്‍മാര്‍ എത്ര പ്രതിഫലം കിട്ടിയാലും അഭിനയിക്കാനില്ലെന്ന്‌ പറഞ്ഞ്‌ പിന്‍മാറി. ഒടുക്കം ടിപിയോട്‌ സാദൃശ്യമുള്ളൊരു നായകനെ വടകരയില്‍ നിന്നുതന്നെ കണ്ടെത്തി
സംവിധായകന്‍ മൊയ്‌തു സിനിമയുടെ ഷൂട്ടിംങ്‌ തുടങ്ങാന്‍ പോവുകയാണ്‌. ടി.പി 51 എന്ന്‌ പേരിട്ട ചിത്രത്തിന്റെ പൂജ ഈ മാസം 31ന്‌ രാവിലെ എട്ടിന്‌ ഒഞ്ചിയത്ത്‌ നടക്കും. പുതുമുഖമായ വടകര സ്വദേശി രമേശാണ്‌ ടിപിയുടെ വേഷം ചെയ്യുന്നത്‌. കെ.കെ. രമയായി ദേവി അജിത്തും ടി.പിയുടെ അമ്മയായി വത്സല മേനോനും വേഷമിടുന്നു. കൈരളി ടി.വിയുടെ പട്ടുറുമാല്‍ എന്ന റിയാലിറ്റി ഷോയുടെ പ്രൊഡ്യൂസറായിരുന്ന മൊയ്‌തുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്‌.
മാമുക്കോയ, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.സൂര്യ വിഷ്വല്‍ മീഡിയയാണ്‌ ചിത്രത്തിന്റെ നിര്‍മാണം. രമേശ്‌ കാവിലിന്റെ വരികള്‍ക്ക്‌ ഗസല്‍ ആണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌. ഒഞ്ചിയം, വടകര, കണ്ണൂര്‍ എന്നിവിടങ്ങളിലാണ്‌ സിനമയുടെ ചിത്രീകരണം നടക്കുക.

No comments:

Post a Comment