Popular Post

Sunday 1 June 2014

ആധാര്‍ പദ്ധതി നിയമവിധേയമാക്കാന്‍ അഭ്യന്തരവകുപ്പ് ആലോചിക്കുന്നു


ന്യൂഡല്‍ഹി: കേരളമടക്കം നടപ്പാക്കിയ എല്ലാ സംസ്ഥാനങ്ങളിലും ജനരോഷമുയര്‍ന്നതിനെ തുടര്‍ന്ന് യു.പി.എ സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ച ആധാര്‍ പദ്ധതിക്ക് നിയമപ്രാബല്യം നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപടി തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്‍െറ ചുമതലയേറ്റ ആദ്യദിവസം തന്നെ ആധാര്‍ നിയമവിധേയമാക്കാനുള്ള നിര്‍ദേശം ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്‍റ് രാജ്നാഥ് സിങ്ങാണ് പരിഗണിച്ചത്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പദ്ധതിയുടെ ഭാഗമാക്കി ആധാര്‍ പദ്ധതിക്ക് നിയമസാധുത നല്‍കാനാണ് മോദി സര്‍ക്കാറിന്‍െറ നീക്കം. ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന നന്ദന്‍ നിലേഖനിയുടെ നേതൃത്വത്തിലുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി കേന്ദ്ര ആസൂത്രണ കമീഷന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 1955ലെ പൗരത്വ നിയമപ്രകാരമുണ്ടാക്കിയ എന്‍.പി.ആര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുമാണ്. രണ്ടു പദ്ധതികളും സമന്വയിപ്പിച്ച് ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് 16 സംസ്ഥാനങ്ങളില്‍ മാത്രമേയുള്ളൂവെന്നും എന്‍.പി.ആര്‍ ദേശവ്യാപകമായിട്ടുണ്ടെന്നും അതിനാല്‍ രണ്ടു പദ്ധതികളെയും ആഭ്യന്തര മന്ത്രിക്ക് കീഴിലാക്കുകയാണ് നല്ലതെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ രാജ്നാഥ് സിങ്ങിനെ ധരിപ്പിച്ചിട്ടുണ്ട്.
ചുമതലയേറ്റ് ഉദ്യോഗസ്ഥരുമായി നടത്തിയ മൂന്നു മണിക്കൂര്‍ കൂടിക്കാഴ്ചയിലാണ് ആധാറുമായി മുന്നോട്ടുപോകാന്‍ മന്ത്രിയും മന്ത്രാലയവും ധാരണയായത്. ആധാറിനെ എന്‍.പി.ആറുമായി യോജിപ്പിച്ച് നിയമവിധേയമാക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കാന്‍ ആഭ്യന്തര മന്ത്രാലയം രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആധാറും എന്‍.പി.ആറും തമ്മിലുള്ള ലയനമാണോ ഇരു പദ്ധതികള്‍ക്കുമിടയിലുള്ള ജോലി വിഭജനമാണോ സംഗതമെന്ന് അറിയിക്കാനും രജിസ്ട്രാര്‍ ജനറലിനോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്‍റ് സമിതി ആധാര്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പാര്‍ലമെന്‍റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പൗരന്മാരുടെ സുരക്ഷിതത്വം അപകടപ്പെടുത്തുന്ന ആധാര്‍ പദ്ധതിയിലൂടെ, വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ പദ്ധതിയുടെ ഭാഗമായ സ്വകാര്യ ഏജന്‍സികളുടെ പക്കലത്തെുന്നതിനെ റിപ്പോര്‍ട്ട് വിമര്‍ശിച്ചു. അടിസ്ഥാന സേവനങ്ങള്‍ പ്രദാനംചെയ്യാന്‍ ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പൗരന്മാരെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടതായിരുന്നു. പാര്‍ലമെന്‍റിന് നല്‍കിയ ഉറപ്പിന് വിരുദ്ധമായി പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാണെന്ന് പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കിയതിനെ തുടര്‍ന്ന് കേരളത്തില്‍നിന്നുള്ള സി.പി.ഐ നേതാവ് എം.പി. അച്യുതന്‍ മുന്‍ പാര്‍ലമെന്‍ററി കാര്യ മന്ത്രി രാജീവ് ശുക്ളക്കെതിരെ അവകാശലംഘനത്തിന് നല്‍കിയ നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലാണ്.

No comments:

Post a Comment